Kerala
കൊച്ചി: പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായി തുടരുന്ന യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോ മലബാര്‍ സഭയുടെ പ്രാര്ഥനാപൂര്ണമായ പിന്തുണ അറിയിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
യുദ്ധത്തില്‍ വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെയാണു കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.
പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര് ച്ചയുണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാം.
ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി നാളെ സീറോ മലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കണം.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുംവേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
Kerala
കൊച്ചി: രാജ്യത്തെ ക്രൈസ്തവജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനോടാണു മേജർ ആർച്ച്ബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സഭയുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണു കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനോട് വീണ്ടും ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കാര്‍ഷിക സംസ്കാരം നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഭാഗമാണെന്നു ബോധ്യപ്പെടുത്തുന്നതിലും കര്ഷകന് അഭിമാന ബോധം ഉണ്ടാക്കുന്നതിലും ഇന്‍ഫാം നടത്തിയത് വലിയ പ്രയത്നമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍-കൈക്കോട്ടും ചിലങ്കയും പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്ഷകത്തൊഴിലാളികള്ക്കുവരെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്ന കാലഘട്ടത്തില്‍ കര്ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ല.
കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനു വഴിതുറന്നത്. റബര്‍, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളരുമായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണു പലപ്പോഴും. കാര്‍ഷിക സംസ്കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാമെന്നും മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗം നടത്തി.
ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ സെക്രട്ടറിയായി റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി.
തൃശൂർ അതിരൂപതയിലെ പുത്തൻപള്ളി ഇടവകാംഗമായ ഇദ്ദേഹം അതിരൂപതയുടെ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനായും മതബോധനവിഭാഗം അസി. ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു.
റോമിലെ റെജീന അപ്പസ്തോലോരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷം മേജർ ആർച്ച്ബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലംമാറുന്ന ഒഴിവിലേക്കാണു പുതിയ നിയമനം.
ഫാ. തുരുത്തിപ്പള്ളി പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോ. ഡയറക്ടറായി നിയമിതനായി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സെക്രട്ടറിയായും ഫാ. തുരുത്തിപ്പള്ളി സേവനം ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: ഉത്തരേന്ത്യൻ പ്രേഷിതരംഗത്തെ ഉജ്വലനക്ഷത്രമായിരുന്നു ഗോരഖ്പുർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡോമിനിക് കൊക്കാട്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ‘ദൈവം എന്റെ പ്രകാശവും എന്റെ രക്ഷയുമാണ്’എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അനേകർ അദ്ദേഹത്തിലൂടെ മിശിഹായുടെ പ്രകാശം കണ്ടു. തെരേസിയൻ ആത്മീയത മിഷൻ പ്രവർത്തനങ്ങളിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ തീക്ഷ്ണതയും ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ എന്ന സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവുമെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളങ്ങളാണ്.
സഭയുടെ സിനഡുകളിൽ അദ്ദേഹം പുലർത്തിയിരുന്ന സാന്നിധ്യം എന്നും സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതായിരുന്നു. ദൈവരാജ്യത്തിന്റെ മഹത്വത്തിനായി സ്വന്തം ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമായിരുന്നു മാർ കൊക്കാട്ടിന്റേത്.
ഗോരഖ്പുർ രൂപതയ്ക്കും മാർ ഡോമിനിക് കൊക്കാട്ടിന്റെ കുടുംബാംഗങ്ങൾക്കും അനുശോചനവും പ്രാർഥനയും അറിയിക്കുന്നു. രൂപതയുടെ വളർച്ചയ്ക്കായി അദ്ദേഹം പാകിയ വിത്തുകൾ വരും തലമുറകൾക്ക് പ്രചോദനമായിരിക്കുമെന്നും മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
Kerala
കൊച്ചി: സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവം നമ്മിൽ വന്നു ജനിക്കാൻ സന്മനസോടെ നമ്മൾ കരങ്ങൾ നീട്ടണം. സന്മനസുള്ളവർക്കാണ് സമാധാനമെന്നാണ് പിറവി സമയത്ത് മാലാഖമാരുടെ സന്ദേശം. ക്രിസ്മസ് സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്. നക്ഷത്ര വെളിച്ചം കണ്ട് ക്രിസ്തുവിലുള്ള പുതിയ സാധ്യതകളിലേക്ക് നടന്നു നീങ്ങാൻ ക്രിസ്മസ് നമുക്ക് നിദാനമാകണം.
പ്രതിസന്ധികൾ ഏറെ ഉണ്ടാകും. പ്രതിസന്ധികളെ അതിജീവിച്ച് കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിൽ ശരണപ്പെട്ട് അവയെ അതിജീവിക്കാൻ നമുക്കാവണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.
Kerala
കാക്കനാട്: ക്രിസ്മസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിന് ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തന്റെ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കിക്കൊണ്ടും സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് ഇതു യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ക്രിസ്മസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതു മാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്.
ദൈവവചനം തന്റെയു ള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്മസ് പൂർണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു.
ദൈവത്തിന് ഇടംകിട്ടാതെ പോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും സ്വാർഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്നില്ല എന്നതാണ് സത്യം.
ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിന് ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു.ക്ഷമയും സഹിഷ്ണുതയും സഹനവും പരസ്പര ബഹുമാനവുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു.
സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ഇന്ന് രാജ്യങ്ങളും സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ് കുടിയേറ്റം.
യൗസേപ്പിനെയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപ്പെടുന്നവർ നിസഹായരും അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരിക സംഘർഷങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.
തിരുക്കുടുംബത്തിന്റെ മാതൃക
ഈ സന്ദർഭത്തിൽ തിരുക്കുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽനിന്നു രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുക്കു ടുംബം ലോകത്തിനു മാതൃകയായി.
സംഭാഷണം സമൃദ്ധമാകട്ടെ
ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്‍ത്തയുടെ ഓര്‍മപ്പെടുത്തലുണ്ട്. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു.
സംഭാഷണങ്ങളില്‍ നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിതവ്യഗ്രതയാല് കുടുംബാംഗങ്ങള്‍ വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം.
നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില്‍ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്ഥാടനമാകട്ടെ ഈ ക്രിസ്മസ്.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Kerala
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന അക്രമങ്ങളും അസഹിഷ്ണുതയും രാജ്യത്തിന്റെ ബഹുസ്വരമായ സംസ്കാരത്തിനും മതനിരപേക്ഷമായ ആത്മാവിനും എതിരേയുള്ള വെല്ലുവിളിയാണ്.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ചതല്ല. രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ട്.
മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. അതോടൊപ്പം, നിയമം കൈയിലെടുക്കുന്ന എല്ലാ മത, തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.
എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുകയും ഭയംകൂടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോയുള്ള വേർതിരിവില്ലാതെ എല്ലാവർക്കും തുല്യമായ അവകാശമുണ്ട്. മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ചു ചെറുക്കേണ്ട സമയമാണിത്.
ലോകത്തിനു നന്മമാത്രം നൽകിക്കൊണ്ടു ചരിത്രത്തിൽ അവതരിച്ച ഈശോമിശിഹായുടെ ജനനത്തിരുനാൾ സമാധാനപൂർവം ആഘോഷിക്കുന്നതിനിടയിൽ വിശ്വാസത്തിനുവേണ്ടി അപമാനിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്ത എല്ലാവരോടുമുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.
ന്യായീകരിക്കാനാകാത്തതും ഒരിക്കലും അംഗീകരിക്കാനാകാത്തതുമായ ഈ വിദ്വേഷ പ്രകടനങ്ങൾക്കുമുന്നിൽ സുവിശേഷധീരതയോടെ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
Kerala
കൊച്ചി: ദൈവത്തിന്റെ രക്ഷാകരസന്ദേശം സന്ദേശവാഹകരിലൂടെ ലോകത്തെത്തിയതുപോലെ ഇന്നു മനുഷ്യന്റെ വേദനകളും പ്രത്യാശകളും ലോകത്തിന്റെ മനഃസാക്ഷിയിലേക്കെത്തിക്കുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സത്യം, നീതി, സമാധാനം എന്നിവയുടെ സേവകരാകുമ്പോൾ മാധ്യമപ്രവർത്തകർ ക്രിസ്മസ് ദൗത്യത്തിന്റെ തുടർച്ചക്കാരായി മാറുന്നു. മുറിച്ച് പങ്കിടുകയെന്നതുകൂടിയാണ് ക്രിസ്മസിന്റെ സാരമെന്നും മാർ റാഫേൽ തട്ടിൽ ഓർമിപ്പിച്ചു.
സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്മസ് സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
സീറോമലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപ്പുരയിടത്തിൽ, പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു. മൗണ്ട് സെന്റ് തോമസിലെ വൈദികരും സന്യസ്തരും ചേർന്ന് കരോൾഗാനം ആലപിച്ചു. മാധ്യമപ്രവർത്തകരും സഭാ നേതൃത്വവും തമ്മിലുള്ള സൗഹൃദസംഭാഷണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
International
വത്തിക്കാൻ സിറ്റി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫ് മേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും 12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് അംഗീകാരം നൽകിയതിനും മാർപാപ്പയോടുള്ള സഭയുടെ നന്ദി മേജര്‍ ആര്‍ച്ച്ബിഷപ് അറിയിച്ചു.
ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍ സഭ നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, സീറോമലബാര്‍ സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പ് നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം മാർപാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.
കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം മാർപാപ്പ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ്പും സിനഡ് സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റ് ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
International
വത്തിക്കാൻ സിറ്റി: യൂറോപ്പിലെ സീറോമലബാർ അപ്പോസ്തലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർഥാടനത്തിന് നേതൃത്വം നൽകി.
സീറോ മലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തലിക് വിസിസ്റ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും തീർഥാടനത്തിൽ മേജർ ആർച്ച്ബിഷപ്പിനെ അനുഗമിച്ചു. സാർവത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു തീർഥാടനം.
ആഴമായ പ്രാർഥനാഭാവത്തോടുകൂടി, മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അപേക്ഷിച്ചു. ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ തീർഥാടനം, ജൂബിലി വർഷത്തിലെ അവിസ്മരണീയ മുഹൂർത്തമായി മാറി.
തീർഥാടനത്തത്തുടർന്ന്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ് പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമികത്വം വഹിച്ചു.
Kerala
കൊച്ചി: വൈദികർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവരാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണം. നമ്മുടെ പുരാതനമായ സഭാ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
വിവിധ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായി പൗരോഹിത്യം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണു സഭാ ആസ്ഥാനത്ത് ഒരുമിച്ചുകൂടിയത്. ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ക്ലർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. സഭയിലെ വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഡീക്കന്മാരുടെ സമ്മേളനം നടന്നത്.